ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും. ജോലിയിലെ പെരുമാറ്റദൂഷ്യം,ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയമെഡിക്കൽ കമ്മിഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് 2019-ലെ എൻ.എം.സി. നിയമം ഭേദഗതിചെയ്യുക. ഇതിനുള്ള കരട് മാർഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
മുപ്പതുദിവസത്തിനുള്ളിൽ എന്ന sunilk.gupta35@nic.in മെയിലിലേക്കോ മെഡിക്കൽ എജ്യുക്കേഷൻ പോളിസി സെക്ഷൻ അണ്ടർ സെക്രട്ടറി,ആരോഗ്യമന്ത്രാലയം, നിർമാൺ ഭവൻ എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം. ദേശീയ മെഡിക്കൽ കൗൺസിൽ നിലവിലുണ്ടായിരുന്നപ്പോൾ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാനകൗൺസിൽ തള്ളുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാം. സംസ്ഥാനത്ത് പരാതിപരിഗണിക്കാൻ ആറുമാസത്തിലേറെ സമയമെടുത്താൽ അതും കൗൺസിലിൽ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു.
സംസ്ഥാനകൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി എൻ.എം.സി., യോഗ്യരായ പ്രൊഫസർമാരുടെയും അഡീഷണൽ പ്രൊഫസർമാരുടെയും അസോസിയേറ്റ് പ്രൊഫസർമാരുടെയും വിശദാംശങ്ങൾ തേടി. കാർഡിയോളജി, ഒബ്സ്ട്രെട്രിക് ആൻഡ് ഗൈനക്കോളജി, ഓങ്കോളജി, യൂറോളജി തുടങ്ങിയ മേഖലകളിൽ ആറുവർഷമോ അതിൽക്കൂടുതലോ അധ്യാപനപരിചയമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കാനാണ്എൻ.എം.സി.യുടെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ തീരുമാനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88