ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ.
പൈലറ്റുള്‍പ്പെടെ 19 എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തുപോയതോടെ ഗെലോട്ട് സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുകയാണെന്നും ഇത് വസ്തുതയാണെന്നും പൂനിയ പറഞ്ഞു.
സാഹചര്യം അനുകൂലമാകുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. യഥാര്‍ത്ഥത്തില്‍ ഈയൊരു ലക്ഷ്യം കൂടി മനസില്‍ കണ്ടുകൊണ്ടാണ് വലിയൊരു ചുവടുവെപ്പിന് അദ്ദേഹം തയ്യാറായത്, സതീഷ് പൂനിയ പറഞ്ഞു.
എന്നാല്‍ രാജസ്ഥാനില്‍ വിശ്വാസവോട്ടെടുപ്പിന് സര്‍ക്കാര്‍ തയ്യാറാണെന്നും വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നുമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തസ്ര പ്രതികരിച്ചത്. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. അല്ലെങ്കില്‍ ഭൂരിപക്ഷത്തിലും കൂടുതല്‍ നമ്പര്‍ ഞങ്ങള്‍ക്കുണ്ട്, എപ്പോള്‍ വേണമെങ്കിലും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
രാജസ്ഥാനില്‍ എത്രയും പെട്ടെന്ന് തന്നെ അസംബ്ലി കൂടുമെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.