ന്യൂഡൽഹി: രാജ്യത്ത് കൊറോണ സാന്നിദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ആഘോഷങ്ങളുടെ നാളുകളാണ് വരാൻ പോകുന്നത് അതുകൊണ്ടു തന്നെ ജനങ്ങൾ നിർബന്ധമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ തികച്ചും കഠിനമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോയതെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ നമ്മുടെ രാജ്യം ഏറെ മുന്നിലാണ്. കൂടാതെ ഇന്ത്യയിലെ മരണ നിരക്കും കുറവാണ്. വാക്സിൻ ലഭിക്കുന്നത് വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് പ്രതിരോധ പ്രവത്തനം വളരെ ശക്തമാണ്. രാജ്യത്ത് 12,000 ക്വാറന്റെൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 90 ലക്ഷം ആരോഗ്യപ്രവർത്തകർ സേവനം അനുഷ്ഠിക്കാൻ രാജ്യത്തിനൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.




































