gnn24x7

അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ

0
235
gnn24x7

ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തിയിരുന്നു. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമർശനം.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധസംസ്ഥാനങ്ങൾ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇതിന് മുമ്പ് അവർ സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ അന്നത്തെ പരാമർശം.

കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമർശിച്ച കോടതി നൂപുറിന്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് നൂപുർ ശർമ്മ ഹർജിയും പിൻവലിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here