ന്യൂദല്‍ഹി: കൊവിഡ് ദുരിതാശ്വാസ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങളെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. കൊവിഡ് 19 അതീവ ഗുരുതരമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും ദുരിതാശ്വാസ,പലായന സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പകിസ്താനില്‍ നിന്നും എയര്‍ ഇന്ത്യയ്ക്ക് അഭിനന്ദനം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എയര്‍ ഇന്ത്യ വിമാനങ്ങളെ അതിന്റെ വ്യോമാതിര്‍ത്തിയിലേക്ക് സ്വാഗതം ചെയ്യുക മാത്രമല്ല, ഈ അനിശ്ചിത കാലഘട്ടത്തില്‍ എയര്‍ലൈന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഏപ്രില്‍ 2 ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ മുംബൈയില്‍ നിന്ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഈ വിമാനങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികളും ഒപ്പം ലോക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയില്‍പ്പെട്ടുപോയ യൂറോപ്യന്‍ പൗരന്മാരേയും കൊണ്ടുപോയിരുന്നു.
”മുംബൈയില്‍ നിന്ന് 1430 മണിക്കൂറില്‍ വിമാനം പറന്നുയര്‍ന്നു. ഞങ്ങള്‍ 1700 മണിക്കൂറില്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ ഫ്രീക്വന്‍സി മാറ്റി, തുടര്‍ന്ന് എ.ടി.സിയെ ബന്ധപ്പെടാന്‍ കഴിഞ്ഞു,’ എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വി.യോട് പറഞ്ഞു.
ഇത്തരം ദുഷ്‌കരമായ സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ നടത്തിയതില്‍ അഭിമാനമുണ്ടെന്ന് പാകിസ്താന്‍ എ.ടി.സി എയര്‍ ഇന്ത്യയുടെ പൈലറ്റുമാരോട് പറഞ്ഞു.
‘ഈ ഒരു മഹാമാരിയാല്‍ ബുദ്ധിമുട്ടുന്ന സമയത്തും നിങ്ങള്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഗുഡ് ലക്ക്!’ എ.ടിസി. പറഞ്ഞു.
കറാച്ചിയോട് ചേര്‍ന്ന് പറക്കാന്‍ പാകിസ്താന്‍ എ.ടി.സി അനുവദിച്ചതുകാരണം 15 മിനിറ്റ് സമയം ലാഭിക്കാന്‍ സാധിച്ചെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ എന്‍.ഡി. ടിവിയോട് പറഞ്ഞു.