പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. നിലവിലെ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടി വോട്ടുപിടിക്കാനാണ് പാര്‍ട്ടിയുടെ ആദ്യ നീക്കം. രാഹുല്‍ ഗാന്ധി ബീഹാര്‍ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ മെനയാന്‍ മുന്നിട്ടിറങ്ങിയേക്കുമെന്നാണ് സൂചന.
ഇതിന് തുടക്കമെന്നോണം രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉയരുന്നുവരുന്ന തൊഴിലില്ലായ്മ നിരക്കും ചൂണ്ടിക്കാട്ടി പ്രചരണം ആരംഭിക്കാന്‍ രാഹുല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പരമാവധി ഊര്‍ജ്ജത്തോടെ തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടലില്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. സഖ്യകക്ഷികളെയും സഖ്യ നേതാക്കളെയും ബഹുമാനിക്കണമെന്ന് രാഹുല്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സീറ്റ് വിഭജന ഫോര്‍മുലയ്ക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ശക്തി സിങ് ഗോഹില്‍ ഈ ആഴ്ച ബീഹാറിലേക്ക് യാത്രതിരിക്കും. എല്ലാ സഖ്യകക്ഷികളുമായും ഗോഹില്‍ ചര്‍ച്ച നടത്തുമെന്നും രാഹുല്‍ അറിയിച്ചു.
സഖ്യത്തെക്കുറിച്ച് പെട്ടന്നുതന്നെ അന്തിമ തീരുമാനമെടുക്കണമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് നിയമസഭാ നേതാവ് സദാനന്ദ് സിങ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. മുന്‍മന്ത്രി ഷക്കീല്‍ ഉസ്സമാന്‍ അന്‍സാരി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുനിന്നു വന്നവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ രാഹുലുമായി പങ്കുവെച്ചു. സമീപകാലത്തായി മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന വിമത പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.
എന്‍.ഡി.എ ഇതര കക്ഷികളുമായും ആര്‍.ജെ.ഡിയുമായും ചേര്‍ന്ന് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
എന്നാല്‍, ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കാന്‍ ആര്‍.ജെ.ഡി തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ബീഹാറില്‍ സ്വാധീനമുണ്ടായിരുന്ന കീര്‍ത്തി ആസാദ് ജാര്‍ഖണ്ഡിലും മറ്റൊരു നേതാവായ ശക്തി അഹമ്മദ് സ്വതന്ത്രനുമായാണ് മത്സരിച്ചത്. ഇത് കോണ്‍ഗ്രസിന് മുന്നില്‍ തലവേദനയാവുന്നുണ്ട്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍.ജെ.ഡി, ജെ.ഡി.യു സഖ്യമായിരുന്നു മത്സരിച്ചിരുന്നത്. സഖ്യം വിജയിച്ചെങ്കിലും ജെ.ഡി.യു എന്‍.ഡി.എയിലേക്ക് കാലുമാറിയതോടെ അധികാരം നഷ്ടപ്പെടുകയായിരുന്നു.
ജെ.ഡി.യു മത്സരിച്ച നൂറോളം സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. എങ്കിലും എഴുപതോളം സീറ്റുകളില്‍ ഒത്തുതീര്‍പ്പാക്കിയേക്കുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്ന സമയത്ത് രാഹുല്‍ ബീഹാറിലെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ കോഡിനേറ്റര്‍ സഞ്ജീവ് സിങ് അറിയിച്ചിരിക്കുന്നത്.










































