ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. വാനിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്ഥാനത്ത് ധർണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ ദില്ലി പൊലീസ് അനുമതി നൽകിയില്ല. തുടർന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.