ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കിയ നടപടിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘നിയമസഭാ സമ്മേളനം ഉടന്‍ വിളിക്കും. ഇപ്പോള്‍ മാറിനില്‍ക്കുന്ന ചില എം.എല്‍.എമാരും സഭയിലെത്തി ഞങ്ങള്‍ക്ക് വോട്ടുചെയ്യും. ഞങ്ങള്‍ക്ക് പൂര്‍ണ ഭൂരിപക്ഷമുണ്ട്. അത് സഭയില്‍ തെളിയിക്കും’, ഗെലോട്ട് പറഞ്ഞു.
സമ്മേളനത്തില്‍ കൊവിഡ് പ്രതിസന്ധിയും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
200 അംഗ നിയമസഭയില്‍ 109 നിയമസഭാംഗങ്ങളാണ് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇതില്‍ 18 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വാദമാണ് പൈലറ്റ് ക്യാമ്പും മുന്നോട്ടുവെക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ എന്ത് സംഭവിക്കും എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് 72 അംഗങ്ങളുള്ള ബി.ജെ.പി.
സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.






































