gnn24x7

35 കോടിയുടെ കോഴ ആരോപണം; ലീഗല്‍ നോട്ടീസില്‍ ഒരു രൂപ നഷ്ടപരിഹാരവും രേഖാമൂലമുള്ള ക്ഷമാപണം എഴുതി നല്‍കുകയും വേണമെന്ന് സച്ചിന്‍ പൈലറ്റ്

0
319
gnn24x7

ജയ്പൂര്‍: രാജസ്ഥാനില്‍ തനിക്കെതിരെ 35 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ അയച്ച ലീഗല്‍ നോട്ടീസില്‍ വിചിത്ര ആവശ്യമുന്നയിച്ച് വിമത നേതാവ് സച്ചിന്‍ പൈലറ്റ്. ആരോപണമുന്നയിച്ച ഗിരിരാജ് സിങ് മലിംഗ തനിക്ക് ഒരു രൂപ നഷ്ടപരിഹാരവും രേഖാമൂലമുള്ള ക്ഷമാപണം എഴുതി നല്‍കുകയും വേണമെന്നാണ് പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചു എന്നാരോപിച്ചാണ് ലീഗല്‍ നോട്ടീസ്.

ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ മലിംഗയ്ക്ക് 35 കോടി വാഗ്ദാനം ചെയ്തെന്ന മലിംഗയുടെ ആരോപണത്തിനെതിരെയാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്.

മലിംഗ മാധ്യമങ്ങള്‍ക്ക് നല്‍കിയ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൈലറ്റ് ക്യാമ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നാണ് മലിംഗ അവകാശപ്പെടുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഗെലോട്ടിനെതിരെ തിരിഞ്ഞാല്‍ എനിക്ക് 35 കോടി രൂപ തരാമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയില്‍വെച്ചായിരുന്നു ഇത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നോട് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നു. ഞാനത് നിഷേധിക്കുകയും ഇക്കാര്യം ഗെലോട്ടിനെ അറിയിക്കുകയും ചെയ്തു’, മലിംഗ പറഞ്ഞു.

എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വന്നാലും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും മലിംഗ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഞാന്‍ എങ്ങനെയാണ് എന്റെ ജനങ്ങളുടെ മുഖത്ത് നോക്കുക? അവരോട് ഞാനെന്താണ് പറയുക?, മലിംഗ ചോദിച്ചു.

2009-ലാണ് മലിംഗ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2013ലും 2018ലും അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ധോല്‍പൂരില്‍നിന്നും മത്സരിച്ചു. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ധോല്‍പൂര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here