ജയ്പൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചു.
ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നാലാമത്തെ നിവേദനം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗെലോട്ട്, ഗവര്‍ണറെ സമീപിച്ചത്.
പുതുക്കിയ നിര്‍ദേശത്തില്‍ ഓഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം നടത്തണമെന്ന് ഗെലോട്ട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. നേരത്തെ 21 ദിവസത്തെ നോട്ടീസ് നല്‍കിയാലെ സഭാസമ്മേളനം ചേരാനാകൂ എന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ നടപടികളും നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.




































