ജയ്‌പൂർ: സംസ്ഥാനത്തെ ജനങ്ങൾക്ക് എട്ട് രൂപയ്ക്ക് ആഹാരം കൊടുക്കുന്ന പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്തെ നഗരങ്ങളിലാണ് ഇന്ദിര രസോയ് യോജന പദ്ധതിയിലൂടെ പാവപ്പെട്ടവർക്കും ഭക്ഷണം വേണ്ടവർക്കും എട്ട് രൂപയ്ക്ക് പോഷക സമ്പന്നമായ ആഹാരം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്.
പദ്ധതി പ്രകാരം 358 അടുക്കളകൾ വഴി 213 നഗരങ്ങളിൽ എട്ട് രൂപയ്ക്ക് ഭക്ഷണം നൽകും. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി 100 കോടിയാണ് വാർഷിക ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം പ്ലേറ്റിന് 12 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡി.
വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സമിതികളെ വയ്ക്കും. പദ്ധതി സംസ്ഥാനത്തെ 4.87 ലക്ഷം പേർക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ നൂതന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതിലൂടെ കൂപ്പൺ എടുക്കുന്നയാളുടെ മൊബൈലിലേക്ക് സന്ദേശം എത്തും. മൊബൈൽ ആപ്പുകളും സിസിടിവികളും വഴി അടുക്കളകൾ നിരീക്ഷിക്കാനും സംവിധാനം ഉണ്ടായിരിക്കും.








































