വിദേശത്തുനിന്നുള്ള ലാപ്ടോപ്, പേഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിന്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി കമ്പനികൾക്ക് ഇറക്കുമതി സാധ്യമാകു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനാണു നീക്കം. ഇറക്കുമതിക്കു മുൻകൂർ അനുമതി വേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ലഭ്യതക്കുറവുണ്ടാകാം. വിലകൂടാനും ഇടയാകാം. ഇറക്കുമതി നിയന്ത്രണത്തിനു മുൻപ് കമ്പനികൾ ഓർഡർ ചെയ്ത കംപ്യൂട്ടറുകൾ 31 വരെ ഇന്ത്യയിൽ എത്തിക്കുന്നതിനു ലൈസൻസ് വേണ്ട. എന്നാലിനി മുതൽ ഓരോ മോഡലിനും കമ്പനികൾ ലൈസൻസിനായി അപേക്ഷിക്കുകയും കാത്തിരിക്കുകയും വേണം.

ഉത്സവസീസൺ വരാനിരിക്കെ ലൈസൻസിനു വേണ്ടിയുള്ള കാത്തിരിപ്പ് ആപ്പിൾ, സാംസങ്, ഡെൽ അടക്കമുള്ള കമ്പനികൾക്കു തിരിച്ചടിയാകും. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണു കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം. ഇന്ത്യയിലെ കംപ്യൂട്ടർ ഇറക്കുമതിയിൽ ചൈനയാണു മുന്നിൽ. മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 77% ചൈനയുടേതാണ്. അവിടെ നിന്നുള്ള ഇറക്കുമതിക്കു സുരക്ഷാകാരണങ്ങൾ മുൻനിർത്തി കൂടുതൽ നിയന്ത്രണം വന്നേക്കും. ഇന്ത്യയുടെ വിശ്വസ്ത പങ്കാളികളിൽ നിന്നാകും ഇലക്ട്രോണിക്സ് ഇറക്കുമതിയെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു കഴിഞ്ഞു.
ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കംപ്യൂട്ടറുകളുടെ മൂല്യം 4,587 കോടി രൂപയാണ്. മേയ് മാസത്തെ മാത്രം ഇറക്കുമതി മുൻവർഷവുമായി താരതമ്യം ചെയ്താൽ17.32 ശതമാനത്തിന്റെ വർധന. ഇറക്കുമതി നിയന്ത്രണത്തിനു പിന്നാലെ കരാർ അടിസ്ഥാനത്തിൽ ലാപ്ടോപ്പുകൾ അടക്കമുള്ളവ അസംബ്ലി ചെയ്തു നൽകുന്ന ഇന്ത്യയിലെ ഡിക്സൺ ടെക്നോളജീസ് അടക്കമുള്ള കമ്പനികളുടെ ഓഹരിമൂല്യം വർധിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയുടെ കംപ്യൂട്ടർ കയറ്റുമതി മൂല്യം വെറും 462 കോടി രൂപയാണ്. യുഎഇയിലേക്കാണു കൂടുതൽ, 185.65 കോടി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU