gnn24x7

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം; സരിത നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
315
gnn24x7

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എം.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹരജി പരിഗണിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സരിതയുടെ ആവശ്യം. വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.

സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു.

വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്.

എന്നാല്‍ ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു എന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here