ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ ദയാ ഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹരജി തള്ളിയത്. ദയാ ഹരജിയില്‍ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നായിരുന്നു മുകേഷ് കുമാര്‍ സിങിന്റെ ആരോപണം.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ദയാഹരജി തള്ളിയതെന്നും കോടതി അറിയിച്ചു.
തനിക്ക് ജയിലില്‍ അതിക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നെന്ന് മുകേഷ് സിങ് ഹരജിയില്‍ പറഞ്ഞിരുന്നു. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ രാംസിങിന്റെ മരണം കൊലപാതകമാണെന്നും എന്നാല്‍ ഇത് ആത്മഹത്യയാക്കി മാറ്റിയെന്നും മുകേഷ് സിങിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതി ഉന്നയിച്ച വാദങ്ങള്‍ ഒരിക്കലും ദയാഹരജി അംഗീകരിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്.
ജയിലില്‍ ഉപദ്രവം നേരിട്ടെന്നത് സത്യമായാലും അത് ഒരിക്കലും ശിക്ഷ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും പ്രതി നല്‍കിയതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.