gnn24x7

കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത്

0
162
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സന്ദീപ് ദീക്ഷിത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇടപെട്ട നേതൃത്വ പ്രഅശനം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു. അതിനായിരുന്നു മുന്‍ഗണന കൊടുക്കേണ്ടിയിരുന്നതെന്നും ദീക്ഷിത് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഇടക്കാല അധ്യക്ഷന്‍ മാത്രമേ ഉള്ളു എന്ന തോന്നല്‍ പ്രവര്‍ത്തകര്‍ക്കുള്ളിലുണ്ട്.

‘ഒരു വ്യക്തിയെ മാത്രം മുന്നില്‍ കണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. രാഹുല്‍ ഗാന്ധിയെയോ മറ്റാരെയെങ്കിലുമോ തെരഞ്ഞെടുക്കാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നതാണ്’, സന്ദീപ് ദീക്ഷിത് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓഗസ്‌റ്റോടെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റെടുത്ത സോണിയ ഗാന്ധിയുടെ കാലാവധി കഴിയുന്നതോടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ആലോചനകളിലാണ് കോണ്‍ഗ്രസ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദീക്ഷിതിന്റെ പ്രതികരണം.

മധ്യപ്രദേശില്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് ജ്യോതിരാദിത്യ സിന്ധ്യയെയും രാജസ്ഥാനില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ട സച്ചിന്‍ പൈലറ്റിനെയും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയിലെ ചെറുപ്പക്കാരും മുതിര്‍ന്നവരും തമ്മിലല്ല പോരാട്ടം നടത്തേണ്ടത്. മറിച്ച് അട്ടിമറിക്കാരും അതിനെ കഠിനാധ്വാനത്തിലൂടെ പ്രതിരോധിക്കുന്നവരും തമ്മിലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യക്ഷ എന്ന നിലയില്‍ വളരെ ശ്രമകരവും അഭിനന്ദാര്‍ഹവുമായ പ്രവര്‍ത്തനമാണ് സോണിയ ഗാന്ധി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ നിസംശയം പറയും. താന്‍ വേദിയില്‍നിന്നും മാറി അണിയറയില്‍നിന്നും പ്രവര്‍ത്തിക്കേണ്ട സമയം എന്ന തോന്നല്‍ വന്നപ്പോഴാണ് നേരത്തെ സോണിയ അധ്യക്ഷ സ്ഥാനത്തുനിന്നും മാറിയത്. മറ്റാളുകള്‍ ചുമതലയേറ്റെടുക്കട്ടെ എന്നും അവര്‍ ആലോചിച്ചു. സോണിയയുടെ അഭിപ്രായത്തില്‍ ആ ഉത്തരവാദിത്തമേറ്റെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയായിരുന്നു’, ദീക്ഷിത് പറഞ്ഞു.

ഇതൊരു ഇടക്കാല ക്രമീകരണമാണ്. ഇടക്കാലം എന്നത് ഉറപ്പില്ലാത്ത ഒരു വാക്കാണ്. കാരണം ഒരു ഇടക്കാല നേതാവാണെങ്കില്‍ കോണ്‍ഗ്രസിനുവേണ്ടി ദീര്‍ഘകാല തീരുമാനങ്ങളെടുക്കില്ല. അതുകൊണ്ടുതന്നെ ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ആരായിരുന്നാല്‍ കൂടിയും തെരഞ്ഞെടുപ്പ് ഉടനെ വേണമെന്നും ദീക്ഷിത് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രക്രിയ എത്ര കഠിനമായാലും പ്രശ്‌നമില്ല. ആരായാലും കുഴപ്പമില്ല. പ്രത്യയ ശാസ്ത്രവും മികച്ച നേതൃത്വവുമാണ് പാര്‍ട്ടിയെ മുന്നോട്ടുനയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരിച്ചുവരില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളടതാണ്. പിന്നെയെന്തിനാണ് മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനോട് അത് വീണ്ടും ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്കെന്താണ് തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും ദീക്ഷിത് ചോദിച്ചു.



gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here