ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠ പ്രകടപിപ്പിച്ച് അഞ്ച് കോൺഗ്രസ് എംപിമാർ കത്തയച്ചു. ശശി തരൂർ ഉൾപ്പെടെ അഞ്ച് എംപിമാരാണ് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനൻ മിസ്ത്രിയ്ക്ക് കത്തയച്ചത്.
തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലെ, അബ്ദുൾ ഖാർക്വീ എന്നിവരും സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വോട്ടർപട്ടിക മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നൽകണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ ഇത് ഉപകരിക്കുമെന്നും കത്തിൽ പറയുന്നു.
പാർട്ടിയുടെ ഏതെങ്കിലും രഹസ്യ രേഖ പുറത്തുവിടണമെന്നല്ല പറയുന്നത്. തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടിക മത്സരിക്കുന്നവർക്കെങ്കിലും നൽകണമെന്നാണ് ആവശ്യം. 28 പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിലും മറ്റ് ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടർപട്ടിക പരിശോധിക്കാനുള്ള ശേഷി ഒരു സ്ഥാനാർഥിക്ക് ഉണ്ടാകണമെന്നില്ല. അതിനാൽ സ്ഥാനാർഥികൾക്ക് വോട്ടർപ്പട്ടിക ലഭ്യമാക്കണമെന്നും നേതാക്കൾ കത്തിൽ പറയുന്നു.
വോട്ടർപ്പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണെന്നും കത്തിൽ പറയുന്നുണ്ട്. വോട്ടർപ്പട്ടിക പുറത്തുവിടണമെന്ന് നേരത്തെ മാതൃഭൂമി ഡോട്ട് കോമിലെഴുതിയ ലേഖനത്തിൽ ഉൾപ്പെടെ ശശി തരൂർ ആവശ്യപ്പെട്ടിരുന്നു.






































