ലഡാക്ക്: ലഡാക്കിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പഴനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ രാമപുരം സ്വദേശിയാണ് പഴനി.
അദ്ദേഹം ഇരുപത്തിരണ്ടു വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. രണ്ടു കുട്ടികൾ ഉണ്ട് അദ്ദേഹത്തിന്. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നെന്നും കുടുംബത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മറ്റ് നേതാക്കളും ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ ചൈന സംഘർഷത്തിൽ ഒരു കേണൽ ഉൾപ്പെടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ പ്രകോപനമാണ് ഈ സംഘർഷത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. 1975 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചീന്തുന്നത്.