ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടയുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
പലയിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളും തമിഴ്‌നാട്ടില്‍ നടന്നിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമണ്‍ ഹെര്‍ക്കുലിസിന്റെ മൃതദേഹവുമായി സെമിത്തേരിയിലേക്ക് പോയ സംഘത്തെ പ്രദേശവാസികള്‍ ആക്രമിച്ച ദാരുണമായ വാര്‍ത്തയും ചെന്നെയില്‍നിന്ന് പുറത്തുവന്നിരുന്നു.
കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സ തുടരവെ ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ഇദ്ദേഹം മരണത്തിന കീഴങ്ങുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കില്‍പൗകിലെ സെമിത്തേരിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുമ്പോഴേക്കും കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്ത പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിച്ചു. മൃതദേഹം ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു.
ഇതോടെ മൃതദേഹുമായി എത്തിയ ആംബുലന്‍സ് പ്രദേശ വാസികള്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരെയും ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം മര്‍ദ്ദിച്ചു.
കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറുടെ കുടുംബാംഗങ്ങള്‍ ആക്രമണത്തിനിടെ ഓടി രക്ഷപെടുകയായിരുന്നെന്നാണ് വിവരം.
ആക്രമണത്തെത്തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണയില്‍ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ആംബുലന്‍സ് ഡൈവര്‍ക്കേറ്റ പരിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഹെര്‍ക്കുലീസിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ ആംബുലന്‍സ് ഓടിക്കാന്‍ തയ്യാറാവുകയായിരുന്നു. മൃതദേഹം പൊലീസിന്റെ സംരക്ഷണയില്‍ സംസ്‌കരിക്കുകയും ചെയ്തു.





































