ഡൽഹി: പുതുവർഷത്തിൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യ തലസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിൽ താപനില 1.1 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇനി അടുത്ത ഒരാഴ്ച കൂടി ശീത തരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
2006 ജനുവരി എട്ടിനാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.2 ആയിരുന്നു അന്ന് ഡൽഹിയിലെ തണുപ്പ്. കടുത്ത മൂടൽ മഞ്ഞ് കാരണം രാവിലെ ഡൽഹിയിലെ ഗതാഗതത്തേയും ബാധിച്ചു. ഡൽഹി കൂടാതെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്.
രാജസ്ഥാൻ ചുരുവിൽ 0.2 സെൽഷ്യസും, ഹരിയാന ഹിസാറിൽ 1.2 ഡിഗ്രി സെൽഷ്യസും ഇന്ന് രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന ദിവസങ്ങളിലും തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.