gnn24x7

ജോസഫൈൻ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല; ജോസഫൈന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി

0
240
gnn24x7

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെ എം.സി. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അടുത്ത ദിവസങ്ങളില്‍ നടന്ന വിഷയം എന്ന നിലയിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചുവെന്നും, യോഗത്തില്‍ പങ്കെടുത്ത് ജോസഫൈന്‍ ഉണ്ടായ സംഭവങ്ങള്‍ വിശദീകരിക്കുകയും വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അങ്ങനെയാണ് അവര്‍ രാജിവെക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോസഫൈനിൻറെ രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിച്ചു..

സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന വ്യക്തിയാണെങ്കിലും അവര്‍ നടത്തിയ പരാമര്‍ശം പൊതുവെ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്നും അവര്‍ തന്നെ അത് തെറ്റാണെന്ന് പറയുകയുണ്ടായെന്നും ഖേദം രേഖപ്പെടുത്തിയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. ജോസഫൈന്റെ രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന അതേ വാക്ക് പറയണമെന്ന് നിര്‍ബന്ധിക്കരുതെന്നായിരുന്നു വിജയരാഘവൻറെ മറുപടി.

സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സി.പി.എം. സംഘടിപ്പിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. ജൂലായ് ഒന്ന് മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. സി.പി.എം. അംഗങ്ങളും കേഡര്‍മാരും പ്രാദേശിക തലത്തില്‍ ഗൃഹസന്ദര്‍ശനം അടക്കമുള്ളവ നടത്തി സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്തും. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി പൊതുക്യാമ്പയിനും സംഘടിപ്പിക്കും. സ്ത്രീകള്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍, സാമൂഹ്യ – സാഹിത്യ – സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here