കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. കാലഹരണപ്പെട്ട കമ്മിറ്റിയാണിതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ആവാത്തതിനെ തുടർന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.
പിന്നീട് ലീഗ് നേതൃത്വം യോഗം ചേരുകയും കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നും തീരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ പ്രതിഷേധം ഉയർന്നു.തുടർന്നാണ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നത്.







































