gnn24x7

രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം

0
236
gnn24x7

ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു.

പൊലീസും അഗ്നിശമന സേനയുമെത്തിയാണ് ട്രാക്റ്റര്‍ സ്ഥലത്തു നിന്ന് നീക്കിയത്. ദല്‍ഹിയില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടര്‍ കത്തിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. എന്നാല്‍ കര്‍ഷകരെ വഴിയാധാരമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകരിപ്പോള്‍.

കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടരമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.

ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here