gnn24x7

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി UNA സുപ്രീം കോടതിയിൽ!

0
268
gnn24x7

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ടും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിൽ കക്ഷി ചേരാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

രാജ്യത്താകമാനം ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ കൊറോണാ ബാധിതരായിട്ടുണ്ട്. ദില്ലിയിൽ മാത്രം 1000 ലധികം ആരോഗ്യ പ്രവർത്തകർ രോഗബാധിതരായെന്നും 5 ഓളം ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും യുഎൻഎ ദില്ലി സംസ്ഥാന ജനറൽ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുന്നു.

നേരത്തെ UNA നൽകിയ കേസിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ആരോഗ്യ പ്രവർത്തകരുടെ പരാതി പരിഹാരത്തിന് ഹെൽപ്പ് ലൈൻ നമ്പറുകൾ 
നൽകിയിരുന്നെങ്കിലും ദില്ലി ,മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഈ ഹെൽപ്പ് ലൈനുകൾ കാര്യക്ഷമമല്ല.

ആരോഗ്യ പ്രവർത്തകർക്ക് മതിയായ രോഗ നിർണ്ണയ കിറ്റുകൾ ലഭ്യമാക്കുക, അവശ്യത്തിന് ഗുണമേന്മയുള്ള PPE കിറ്റുകൾ ലഭ്യമാക്കുക, സ്വകാര്യ ആശുപത്രികൾ പൂർണ്ണ ശമ്പളം സമയബന്ധിതമായി നൽകുന്നുവെന്ന് ഉറപ്പു വരുത്തുക, 
സ്വകാര്യ ആശുപത്രികളിലെ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം, താമസം, യാത്രാ, ഇൻഷൂറൻസ്, 
രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകർക്ക്‌ സൗജന്യ ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് നിർദ്ദേശിക്കണമെന്ന് അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ, ബിജു പി രാമൻ എന്നിവർ മുഖേന സമർപ്പിച്ച അപേക്ഷയിൽ UNA ആവശ്യപ്പെടുന്നു.

ജൂൺ 17നാണ് കൊവിഡ് രോഗികളുടെ ചികിത്സയും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here