ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനമായി ഉയര്‍ന്നു. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) എന്ന സ്വകാര്യ സ്ഥാപനമാണ് കണക്ക് പുറത്തുവിട്ടത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ലെ അവസാന മൂന്നു മാസങ്ങളില്‍ ആറുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും മന്ദഗതിയില്‍ ആയിരുന്നു. ഫെബ്രുവരിയില്‍ ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 7.37 ശതമാനമായി ഉയര്‍ന്നു.
ജനുവരിയില്‍ ഇത് 5.97 ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി കുറഞ്ഞു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ച ഇനിയും താഴുമെന്നാണ് സൂചന. കൊറോണ വൈറസ് ആഗോളതലത്തില്‍ നിക്ഷേപകരെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
യൂറോപ്യന്‍ വിപണിയിലും കഴിഞ്ഞ ദിവസം ഇടിവ് നേരിട്ടിരുന്നു. ലണ്ടന്‍, പാരിസ്, ഇറ്റലി വിപണികളില്‍ 2.1 ശതമാനം തകര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ആദ്യ മാസങ്ങളില്‍ത്തന്നെ വൈറസ് ബാധയെത്തുടര്‍ന്ന് ചൈന ഫാക്ടറികള്‍ അടച്ചുപൂട്ടി. ഇതോടെ ആഗോള തലത്തില്‍ പ്രതിസന്ധി പ്രകടമായിരിക്കുകയാണ്.






































