ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നല്‍കിയ പുനഃപരിശോധന ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് രജിസ്ട്രിയോട് വിശദീകരണം തേടിയത്.
മല്യയുടെ പുനഃപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട രേഖകകളും അവ കൈകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെ പേരുകളും കൈമാറണമെന്ന് രജിസ്ട്രിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എസ്.ബി.ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം ആണ് വിജയ് മല്യയ്‌ക്കെതിരെ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി അലക്ഷ്യം ബോധ്യപ്പെട്ട സുപ്രീം കോടതി 2017 ജൂലൈ 10 ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ വിജയ് മല്യയോട് നിര്‍ദേശിച്ചിരുന്നു.
2017 മെയ് ഒമ്പതിനായിരുന്നു സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പടുവിച്ചത്. മെയ് ഒമ്പതിലെ ഉത്തരവ് ചോദ്യം ചെയ്ത് വിജയ് മല്യ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്തില്ല.