കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന പലതുമുണ്ട് നമ്മുടോരോരുത്തരുടെയും ജീവിതത്തില്‍. എന്നാല്‍ കാഴ്ചയെന്ന അനുഭവത്തെ ഉള്‍ക്കാഴ്ചയിലൂടെ മറികടക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ വിജയങ്ങള്‍ക്ക് പതിവിനെക്കാളേറെ മാധൂര്യവും കൂടും.
കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ക്ക് അവധികൊടുക്കാന്‍ തുനിഞ്ഞവര്‍ക്ക് വേണ്ടിയുള്ളതാണി വാര്‍ത്ത. ഒരു വാതിലും നിങ്ങള്‍ക്കു മുന്നില്‍ അടയുകയില്ലെന്ന് തെളിയിക്കുകയാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍.
കാഴ്ച അനിവാര്യമാണെന്ന് വിധിയെഴുതിയ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥ പദവികളിലൊന്നാണിത്. അത് കൈപ്പിടിയിലാക്കിയ രാജേഷ് സിംഗിന് കാഴ്ച ശക്തിയില്ല. കാഴ്ച അനിവാര്യമായ ഒരു പദവിയല്ലേ ഇതെന്ന ചോദ്യത്തിന് ഉള്‍ക്കാഴ്ചയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.
ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ രാജേഷ് സിംഗിന്റെ കണ്ണിലേക്ക് പന്ത് തെറിച്ചു വീണു. സാരമായി മുറിവേറ്റിരുന്നു. ഒരുപാട് ചികിത്സിച്ചെങ്കിലും കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പക്ഷെ തന്റെ ലോകം ഇരുട്ടിലാകാന്‍ അദ്ദേഹം സമ്മതിച്ചില്ല.
തന്റെ സ്വപ്‌ന ജോലിയായ ഐ.എ.എസ് ഓഫീസര്‍ റാങ്കിലെത്താനായി അദ്ദേഹം കഠിനമായി തന്നെ പ്രയത്‌നിച്ചു. കാഴ്ച അതിന് ഒരു തടസ്സമായി അദ്ദേഹം കണ്ടില്ല. ജാര്‍ഖണ്ഡിലെ ബൊക്കാറോ ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിക്കുകയാണ് രാജേഷ് സിംഗ് ഇന്ന്.
ഈ പദവിയിലെത്തുന്ന കാഴ്ച വൈകല്യമുള്ള രാജ്യത്തെ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. മധ്യപ്രദേശിലാണ് ഇത്തരത്തില്‍ ആദ്യ നിയമനം നടന്നത്. ഏറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് രാജേഷ് തന്റെ സ്വപ്‌നമായ ഐ.എ.എസ് നേടിയെടുത്തത്.
ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ചുമതലകള്‍ വഹിക്കുന്നതിന് കാഴ്ച ഒരു തടസ്സമല്ലെന്ന് രാജേഷ് സിംഗ് തെളിയിച്ചതോടെയാണ് അദ്ദേഹത്തെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്. മുമ്പ് വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറി പദവിയും ഇദ്ദേഹം അലങ്കരിച്ചിരുന്നു.