ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ പിടിച്ചുകുലുക്കിയത്. 65 മണിക്കൂറിനുശേഷം തിങ്കളാഴ്ച എലിഫ് എന്ന പെൺകുട്ടിയെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയുടെ ദുരന്ത, അടിയന്തര മാനേജ്മെന്റ് അതോറിറ്റി (AFAD) ട്വിറ്ററിൽ അറിയിച്ചു.

3 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഗുരുതരമായ ഒടിവുകളോ മസിലുകൾക്ക് പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ അമ്മയെയും മറ്റ് രണ്ട് പേരെയും നേരത്തെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. മറ്റൊരു സഹോദരനെ രക്ഷപ്പെടുത്തിയെങ്കിലും ആ കുട്ടി വൈകാതെ മരിച്ചു.
58 മണിക്കൂറിലധികം തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ 14 കാരിയായ ഇഡിൽ സിറിൻ എന്ന കുട്ടിയേയും രക്ഷപ്പെടുത്തിയതായി തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. (എഎഫ്എഡി) അറിയിച്ചു.
ഭൂചലനത്തിൽ 91 പേർമരിക്കുകയും, 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.





































