gnn24x7

ഫിഫ വനിതാ ലോക കപ്പ് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്; രണ്ട് മരണം

0
207
gnn24x7

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്. ഓക്ലാൻഡിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസുകാർ അടക്കം ആറ് പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പ്രാദേശിക സമയം 7.22ഓടെയാണ് തോക്കുമായെത്തിയ അക്രമി വെടിയുതിർക്കാൻ ആരംഭിച്ചത്. വെടിവയ്പിൽ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ ലോകകപ്പ് നിശ്ചയിച്ച രീതിയിൽ തന്നെ നടക്കുമെന്നും ആക്രമണത്തിന് പിന്നിൽ ഭീകരവാദ സംഘങ്ങളില്ലെന്നുമാണ് വിലയിരുത്തലെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു.

ഓക്ലാൻഡിലെ ക്വീൻസ് സ്ട്രീറ്റിലായിരുന്നു വെടിവയ്പ് നടന്നത്. രാഷ്ട്രീയ ആശയത്തിലൂന്നിയതാണ് അക്രമം എന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പമ്പ് ആക്ഷൻ ഷോട്ട് ഗൺ ഉപയോഗിച്ചായിരുന്നു അക്രമി വെടിയുതിർക്കാൻ ആരംഭിച്ചത്. ധീരരായ ന്യൂസിലാൻഡ് പൊലീസ് ഉദ്യോഗസ്ഥർ വെടിവയ്പ് ഭയക്കാതെ തന്നെ സംഭവ സ്ഥലത്ത് എത്തി അക്രമിയെ നേരിട്ടുവെന്നും പ്രധാനമന്ത്രി വിശദമാക്കി. ലോക കപ്പ് മത്സരത്തിന് എത്തിയ ടീം അംഗങ്ങൾ സുരക്ഷിതരാണെന്നും മത്സരങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും ഫിഫ അധികൃതർ വിശദമാക്കി. നമ്മൾ കണ്ട് ശീലിച്ച സംഭവങ്ങളല്ല നിലവിൽ നടന്നതെന്നാണ് ഓക്ലാൻഡ് മേയർ വെയിൻ ബ്രൌൺ ട്വീറ്റ് ചെയ്തത്.

ഫിഫ വനിതാ ലോകകപ്പ് ഇത്ഘാടന മത്സരം ന്യൂസിലാൻഡും നോർവ്വെയും തമ്മിൽ നടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ആക്രമണം നടന്നത്. 9-ാം വനിതാ ലോകകപ്പിന് ന്യൂസിലാൻഡും ഓസ്ട്രേലിയയുമാണ് ആതിഥേയരാവുന്നത്. നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിലിരുന്നായിരുന്നു അക്രമി വെടിയുതിർത്തത്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 20 വരെയാണ് വനിതാ ലോകകപ്പ് മത്സരങ്ങൾ നടക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7