gnn24x7

അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു

0
326
gnn24x7

കാബൂള്‍: അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ചാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്. യു.എസ് പ്രത്യേക നയതന്ത്ര പ്രതിനിധി സല്‍മയ് ഖലില്‍സാദും താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഖാനി ബരദറിന്റെയും നേതൃത്വത്തിലാണ് സമാധാന കരാര്‍ ഒപ്പു വെച്ചത്.

സമാധാന കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കുകയാണെങ്കില്‍ 14 മാസത്തിനുള്ളില്‍ അഫ്ഘാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറും.

കരാറിന്റെ ആദ്യ പടിയായി 135 ദിവസത്തിനുള്ളില്‍ അഫ്ഘാനിസ്താനിലെ യു.എസ് സൈനികരുടെ എണ്ണം 8600 ആയി കുറയ്ക്കും. ഒപ്പം നിലവില്‍ അഫ്ഘാന്‍ ജയിലിലുള്ള താലിബാന്‍ തടവുകാരെ വിട്ടയക്കാനുള്ള നടപടികളും തുടങ്ങും. മാര്‍ച്ച് 10 നാണ് ഇതിനായുള്ള നടപടികളിലേക്ക് കടക്കുക. ഇരുവിഭാഗവും ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ പാകിസ്താന്‍, തുര്‍ക്കി, ഇന്ത്യോനേഷ്യ, ഉസെബികിസ്താന്‍, തജിക്‌സ്താന്‍, തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ ദോഹയിലെ ചടങ്ങില്‍ പങ്കെടുത്തു.

സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനു മുമ്പുള്ള ആദ്യ പടിയായി ഫെബ്രുവരി 22 മുതല്‍ മേഖലയില്‍ യു.എസ് സൈന്യവും താലിബാനും തമ്മില്‍ ഏഴു ദിവസത്തേക്ക് ആക്രമണം നടത്തിയിരുന്നില്ല.

ഒരു വര്‍ഷത്തിലേറെയായി അമേരിക്കയുടെ താലിബാന്റെയും പ്രതിനിധികള്‍ നടത്തിയ സമാധാന ശ്രമഫലമായാണ് ഇത്തരമൊരു നീക്കം ഉരുത്തിരിഞ്ഞത്. 2018 ഡിസംബറിലാണ് അമേരിക്കയുമായി സമാധാനത്തിന് താലിബാന്‍ തയ്യാറാവുന്നത്.

ഇതു പ്രകാരം ഉണ്ടാക്കുന്ന  കരാറിന്റെ ഭാഗമായി അഫ്ഗാനിസ്താനില്‍ നിന്നും 20 ആഴ്ചയ്ക്കുള്ളില്‍ 5400 സൈനികരെ പിന്‍വലിക്കുമെന്ന് വാഷിംഗ്ടണിന്റെ മധ്യസ്ഥകന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും ഏക പക്ഷീയമായി പിന്‍മാറി. കരാറിനു ധാരണയായ ശേഷവും താലിബാന്‍ ആക്രമണത്തില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here