ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലി തുടരാൻ നിര്‍ദ്ദേശം. കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സ്മാരും ഇല്ലാത്തതിനാലാണ് രോഗം ബാധിച്ച സ്റ്റാഫുകളോടും ജോലിക്ക് കയറാൻ ആവശ്യപ്പെടുന്നത്.
ഏറ്റവും കൂടുതൽ ബാധിച്ച നഗരമായ ലീജിലെ കുറഞ്ഞത് 10 ആശുപത്രികളെങ്കിലും രോഗം ബാധിച്ച മെഡിക്കൽ സ്റ്റാഫുകളോട് ജോലി തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ നാലിലൊന്ന് ഡോക്ടർമാർക്കും നഴ്സുമാർക്കും വൈറസ് ബാധയുണ്ടെന്നാണ് നിലവിലെ കണക്ക്.
വൈറസ് ബാധിച്ച് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രി സംവിധാനം ദിവസങ്ങൾക്കുള്ളിൽ തകരുന്നത് തടയാൻ ഈ നടപടി ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 15,600 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്പിലുടനീളം കൊവിഡ് 19 രണ്ടാം വ്യാപന ഭീഷണി അതിരൂക്ഷമായി തുടരുകയാണ്. പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന സാഹചര്യത്തിൽ ഇറ്റലിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. ഇതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ നേപ്പിൾസിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു.





































