ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത് കഴിഞ്ഞ മാസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ അങ്ങിങ്ങായി ചത്തു കിടന്ന ആനകളുടെ മരണ കാരണം സംബന്ധിച്ച് പഠനം നടത്തി വരികയായിരുന്നു.
ഇപ്പോള്‍ ആനകളുടെ മരണ കാരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ആനകള്‍ കുടിച്ച വെള്ളത്തിലെ ബാക്ടീരിയകളില്‍ നിന്നുമുണ്ടായ വിഷാംശമാണ് ആനകളുടെ മരണ കാരണമെന്നാണ് ബൊട്‌സ്വാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
‘ ഞങ്ങളുടെ ഏറ്റവും പുതിയ പരിശോധനയില്‍ സയനോബാക്ടീരിയല്‍ ന്യൂറോടോക്‌സിനുകള്‍ മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ്,’ വന്യജീവി വകുപ്പിലെയും ദേശീയ പാര്‍ക്കുകളിലെയും പ്രിന്‍സിപ്പല്‍ വെറ്റിനറി ഓഫീസര്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം സംഭവത്തില്‍ ഇനിയും പല ചോദ്യങ്ങളുണ്ടെന്നും ഇതില്‍ പഠനം നടത്തി വരികയാണെന്നും ഇവര്‍ പറയുന്നു. വെള്ളത്തിലെ ബാക്ടീരയ ആണ് മരണ കാരണമെങ്കില്‍ ആനകള്‍ മാത്രം എങ്ങനെ മരിച്ചു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ജൂലൈ മാസമാണ് അവസാനമായി ഇത്തരത്തില്‍ ആനകളുടെ മരണം രേഖപ്പെടുത്തിയത്. ജൂലൈ വരെ 330 ആനകളാണ് ഇത്തരത്തില്‍ മരിച്ചത്. വെള്ളക്കെട്ടിനു സമീപത്തായാണ് ചില ആനകളുടെ മൃതദേഹം കണ്ടെത്തിയത്. ചിലത് മുഖമടിച്ച് വീണ രീതിയില്‍ ആണ് മരിച്ചു കിടക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ ഇതിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാതീതമായ കുറവാണുണ്ടായിരിക്കുന്നത്. 2016 ല്‍ നടത്തിയ ആദ്യത്തെ ഗ്രേറ്റ് എലിഫന്റ് സെന്‍സസ് എന്ന പാന്‍ ആഫ്രിക്കന്‍ സര്‍വ്വേയില്‍ ആഫ്രിക്കന്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞുവെന്ന് വ്യക്തമാക്കിയിരുന്നു.
30,000 ആഫ്രിക്കന്‍ ആനകളാണ് ബോട്സ്വാനയില്‍ ഉള്ളത്. വന്‍കരയില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് ഈ രാജ്യത്താണ്. 2014 ല്‍ ആനവേട്ട നിരോധിക്കുന്ന നിയമം ബോട്സ്വാന എടുത്തു കളഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ആനകള്‍ കൂടുതലായി വേട്ടയാടപ്പെടുന്നുണ്ട്.