gnn24x7

ഇസ്രയേൽ കരയുദ്ധത്തിന് തുടക്കമിട്ടതായി റിപ്പോർട്ട്, മരണം ആറായിരം കടന്നു

0
220
gnn24x7

ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്.

അതേസമയം, ഇസ്രയേൽ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലും ജബലിയ അഭയാർഥി ക്യാമ്പിലും അൽ-ഷിഫ, അൽ- ഖുദ്സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിൽ ആറായിരത്തോളം പലസ്തീനികൾ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ടായിരത്തിലധികവും കുട്ടികളാണ്. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.

വടക്കൻ ഗാസയിൽ നിന്ന് അഭയാർഥിക ക്യാമ്പിലെത്തിയവരുൾപ്പെടെ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേൽ പറഞ്ഞത്. അതിർത്തികളിൽ കരയുദ്ധത്തിന് സജ്ജമായി സൈനിക ടാങ്കുകളും ഒരുക്കിയിരുന്നു. എന്നാൽ, വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ ഭരണകൂടം പറയുന്നു. എന്നാൽ, ഇസ്രയേൽ സൈന്യത്തെ ഗാസയിൽ നിന്ന് തുരത്തിയതായി ഹമാസും അവകാശപ്പെട്ടു. ഗാസക്ക് പുറമെ, വെസ്റ്റ് ബാങ്കിലും ആക്രമണം തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7