ഹവാന: കരീബിയന്‍ തീരത്ത് ജമൈക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്ഥലത്ത് നൂറുകണക്കിന് പേരാണ് തെരുവിലേക്കിറങ്ങിയത്.
ഭൂചലനത്തിന്റെ തീവ്രത യുഎസ് ഭൂഖണ്ഡം വരെ വ്യാപിച്ചു കിടന്നതിനാല്‍ മിയാമി പൊലീസ് ചില കെട്ടിടങ്ങള്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കു പ്രകാരം പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്.
ഇതുവരെയും ഇവിടെ നിന്ന് കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം നാലുമുതല്‍ അഞ്ചു വരെ തീവ്രത രേഖപ്പെടുത്തിയ ചെറു ഭൂചലനങ്ങളും ഉണ്ടായി.
യുഎസിലെ പസഫിക് സുനാമി വാര്‍ണിങ് സെന്റര്‍ സുനാമിയടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമൈക്ക, ബെലിസ്, ക്യൂബ, ഹോണ്ട്യൂറാസ്, മെക്‌സികോ, കേമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് സുനാമിക്ക് സാധ്യതയുണ്ടാവുമെന്ന് മുന്നറിയിപ്പു നല്‍കിയത്.എന്നാല്‍ പിന്നീട് മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.
ക്യൂബയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ ഭൂചലനത്തില്‍ വിറച്ചതായാണ് റിപ്പോര്‍ട്ട്. ഭൂചലനം 20 സെക്കണ്ടുകളോളം നീണ്ടു നിന്നിരുന്നു.