ആശുപത്രികളുടെ പ്രവർത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാർത്തകൾക്കിടെ, വലിയ അളവിൽ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേൽ. ഗാസയിൽ അഞ്ചുലക്ഷത്തിലേറെ ലിറ്റർ ഡീസൽ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഐ.ഡി.എഫ്. എക്സിൽ പങ്കുവെച്ചു.
തെക്കൻ ഗാസയിൽ റാഫ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് വലിയ ഇന്ധന ടാങ്കുകളിൽ ഡീസൽ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. സാധാരണക്കാരിൽ നിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേൽ പറയുന്നു.വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വടക്കൻ ഗാസയിലെ ഇൻഡൊനീഷ്യൻ ആശുപത്രിയുടെ പ്രവർത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂർ കൂടി ആശുപത്രി പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാൽ ഇൻക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവർത്തനം നിലച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യരാശിക്കെതിരായകുറ്റകൃത്യമാണെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഐ.ഡി.എഫ്. ഹമാസിന്റെ വാദത്തെ ഖണ്ഡിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയത്. ആരോപിക്കപ്പെടുന്ന അളവിലുള്ള ഇന്ധനശേഖരം ഉപയോഗിച്ച് ഗാസയിലെ മുഴുവൻ ആശുപത്രികളും കൂടുതൽ ദിവസത്തേക്ക് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ഇസ്രയേൽ പറയുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb