ബീജിംഗ് : തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന. ഇക്കാര്യത്തെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചർച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലായ ‘സ്യൂഡ്’ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോർത്തി നൽകിയതെന്നും സൂചനയുണ്ട്.പ്രസിഡന്റ് ഷി ജിൻ പിങ് തായ്വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോർത്തി നൽകിയതെന്നാണ് സൂചന.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) ഉന്നത ഉദ്യോഗസ്ഥൻ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാർഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സിപിസി നേതാക്കളാണ് ഓഡിയോ ചോർത്തി നൽകിയതെന്നും യൂട്യൂബ് ചാനൽ വ്യക്തമാക്കുന്നു.
ഇതിനിടെ, ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നു. തായ്‌വാനെ ആക്രമിക്കുകയാണെങ്കിൽ സംരക്ഷിക്കാൻ അമേരിക്കൻ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ക്വാഡ് ഉച്ചകോടിക്കായി ഇപ്പോൾ ജപ്പാനിലാണ് ബൈഡൻ. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയായ നടപടിയല്ലെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.മേഖലയിൽ ചൈന-റഷ്യയ സംയുക്ത നാവിക പ്രവർത്തനം വീക്ഷിക്കാനും യു.എസ്-ജപ്പാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.
അതേസമയം, ഓഡിയോ സന്ദേശത്തെ കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചർച്ചകൾ ചൈനയിൽ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നിൽ തായ്വാനാണെന്ന അഭ്യൂഹങ്ങളുമുണ്ട്. സംഭവത്തിൽ സ്ഥിരീകരണമില്ലെങ്കിലും ലോകരാജ്യങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിവിധ പ്രവിശ്യകളിലെ പാർട്ടി സെക്രട്ടറിമാരും സൈനിക തലവൻമാരും യോഗത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
ഡ്രോണുകൾ ബോട്ടുകൾ എന്നിവ നിർമിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാർ, 953 കപ്പലുകൾ, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാർഡുകൾ, അത്യാഹിത ട്രാൻസ്ഫർ സെന്ററുകൾ, ധാന്യശേഖരണ കേന്ദ്രങ്ങൾ, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകൾ, എണ്ണ ഡിപ്പോകൾ, ഗ്യാസ് സ്റ്റേഷൻ എന്നിവ ക്രമീകരിക്കാൻ ഗ്വാങ്ഡോങ് പ്രവിശ്യക്ക് നിർദേശം നൽകിക്കഴിഞ്ഞതായും സന്ദേശത്തിൽ പറയുന്നു.
57 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശമാണ് യൂട്യൂബ് ചാനൽ പുറത്തുവിട്ടത്. ചൈനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ചോർത്തൽ നടക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ നാല് ജനറൽമാരെ ചൈന വധിച്ചുവെന്നും നിരവധിപേർ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവർത്തക ജന്നിഫർ സെങ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം 239 ദിവസങ്ങളിലായി 961 തവണയാണ് ചൈന തായ്വാനിൽ കടന്നുകയറ്റത്തിന് ശ്രമിച്ചത്. ഇതേത്തുടർന്ന് തായ്വാൻ പ്രതിരോധ മന്ത്രാലയം പൊതുജനത്തിനായി 28 പേജുള്ള ഹാൻഡ്ബുക്ക് കണ്ടെത്തേണ്ടതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ, വ്യോമമാർഗംപുറത്തിറക്കിയിരുന്നു. യുദ്ധമുണ്ടായാൽ പാലിക്കേണ്ട നടപടികളേക്കുറിച്ചാണ് ഹാൻഡ്ബുക്കിൽ പറഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥാനങ്ങൾ ആക്രമണമുണ്ടായാൽ രക്ഷപ്പെടാനായി സ്വീകരിക്കേണ്ട മാർഗങ്ങൾ തുടങ്ങിയവയും ഹാൻഡ്ബുക്കിൽ ഉൾപ്പെടുത്തിയിരുന്നു.