ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയിൽ ഗാസയിലുടനീളം ബോംബ് വർഷം നടത്തിയതിന് പിന്നാലെയാണ് നിർദേശം. എന്നാൽ ഈ നിർദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേൽ സേന പിൻവലിച്ചു. ഈജിപ്ത് അതിർത്തി അടച്ചതിനെ തുടർന്നാണിത്. ‘ഈജ്തിലേക്കുള്ള റഫാ അതിർത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവർ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർദേശിക്കുന്നു’ ഇസ്രയേൽ സേനാ വക്താവ് ലെഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് ആദ്യം നിർദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിൻവലിക്കേണ്ടിവന്നത്.
കഴിഞ്ഞ രാത്രിയിൽ ഹമാസിന്റേയും മറ്റു പലസ്തീൻ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളിൽ വ്യോമാക്രണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകർത്തതായി ഐഡിഎഫ് പറഞ്ഞു. അതിനിടെ, ഗാസ അതിർത്തിയുടെ നിയന്ത്രണം പൂർണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ അതിർത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകർത്ത അതിർത്തിയിലെ വേലികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.
എന്നാൽ നുഴഞ്ഞു കയറ്റത്തിന് ഈ മാർഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടൽ വഴിയും പാരാഗ്ലൈഡർമാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികൾ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങൾ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേൽ തള്ളി കളയുന്നില്ല. തെക്കൻ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂർണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തായും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേൽ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S





































