ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി പ്രധാന എതിരാളി ബെന്നി ഗാന്റ്‌സ്. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ 61 സീറ്റുകളാണ് ബെന്നി ഗാന്റ്‌സിന്‍രെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് ബെന്നി ഗാന്റ്‌സിന്റെ അപ്രതീക്ഷിത നീക്കം.
ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രാഥമിക നടപടികള്‍ക്കായി ഇസ്രഈല്‍ പ്രസിഡന്റ് ഗാന്റ്‌സിന് അനുമതി നല്‍കി. 6 ആഴ്ച സമയമാണ് പാര്‍ലെമന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗാന്റ്‌സിന് ലഭിക്കുക. ഈ സമയ പരിധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം നെതന്യാഹുവിന് ലഭിക്കും. തെരഞ്ഞെടുപ്പില്‍ മുന്‍ നിരയിലുള്ള അവിഗ്ദോര്‍ ലീബര്‍മാന്റെ ‘ഇസ്രഈല്‍ ബെയ്തിനു പാര്‍ട്ടി’യും സഖ്യത്തിന് തയ്യാറായി.
അതേ സമയം ഗാന്റ്‌സിന് പിന്തുണയറിയച്ച പാര്‍ട്ടികളുമായി സഖ്യം സാധ്യമാവുമോ എന്ന സംശയവും ബാക്കിയാണ്. പിന്തുണയറിയിച്ചതില്‍ 15 പാര്‍ട്ടികള്‍ അറബ് സഖ്യപാര്‍ട്ടികളാണ്. ഇവര്‍ മുന്‍ സൈനിക നേതാവായ ബെന്നി ഗാന്റ്‌സിന്റെ ആശയങ്ങളുമായി ഒത്തു പോവുമോ എന്ന് സംശയമാണ്.
ഇസ്രഈലില്‍ കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം നെതന്യാഹു ഗാന്റ്‌സിന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ഗാന്റ്‌സ് ചെറു പാര്‍ട്ടികളുമായി ധാരണയിലായത്.
കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കുറ്റത്തിലെ വിചാരണ ഇസ്രഈല്‍ കോടതി നീട്ടി വെച്ചിരുന്നു. 250 പോസിറ്റീവ് കൊവിഡ് കേസുകളാണ് ഇസ്രഈലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇസ്രഈലില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.
ജൂണിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് 2 ന് മൂന്നാമത് തെരഞ്ഞെടുപ്പ് നടന്നത്. 120 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.





































