ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് ‘കാണാതായ’ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ട്.
ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം പിടികൂടിയെന്നും ജയിലിൽ അടച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ജാക്ക് മാ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൈനയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമാണ് വിഡിയോയില്‍ ജാക് മാ സംസാരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളിലായി താനും സഹപ്രവര്‍ത്തകരും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിക്കുകയായിരുന്നെന്നും അതിനായി താനടക്കമുള്ള ബിസിനസ് സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നുമാണു മാ അറിയിച്ചത്.





































