കോവിഡ് -19 ഡെൽറ്റ വേരിയൻറ് വ്യാപനം കണക്കിലെടുത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരത്തിലെ നിരവധി കേന്ദ്ര പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സിഡ്‌നിയിലെ തൊഴിലാളികളും താമസക്കാരും ഒരാഴ്ചത്തേക്ക് വീട്ടിൽ കഴിയാൻ നിർദേശം.
ഒരു ലിമോസിൻ ഡ്രൈവറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് 65 കോവിഡ് കേസുകൾ വളരെ വേഗത്തിൽ പടർന്നു പിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു അന്താരാഷ്ട്ര ഫ്ലൈറ്റ് ക്രൂവിനെ സിഡ്നി വിമാനത്താവളത്തിൽ നിന്നും ഒരു ക്വാറന്റിൻ ഹോട്ടലിൽ എത്തിച്ചതിലൂടെയാണ് ഇദ്ദേഹം രോഗബാധിതനായത്.
നഗരത്തിലെ പ്രധാന ബിസിനസ്സ് ഡിസ്ട്രിക്ട് ഉൾപ്പെടെ മധ്യ സിഡ്‌നിയിലുടനീളം ആയിരക്കണക്കിന് ആളുകൾ സന്ദർശിച്ചേക്കാവുന്ന നിരവധി അണുബാധ സൈറ്റുകൾ അധികൃതർ ഇതിനോടകം തിരിച്ചറിഞ്ഞു. ക്ഷണികമായ ഇടപെടലുകളിലൂടെ പോലും ആളുകൾ വൈറസ് ബാധിതരാകുന്ന സംഭവങ്ങളിൽ അധികൃതർ ആശങ്കയിലുമാണ്.
സിഡ്‌നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസിലെ പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ ഈ സമയത്തെ “ഭയാനകമായ കാലഘട്ടം” എന്നാണ് വിശേഷിപ്പിച്ചത്. നാല് സെൻട്രൽ സിഡ്‌നി പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയിട്ടുള്ളവർ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വീട്ടിൽ തുടരണമെന്നും അവശ്യവസ്തുക്കൾ വാങ്ങാനോ വൈദ്യസഹായം നേടാനോ വ്യായാമം ചെയ്യാനോ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിലോ മാത്രം പുറത്തിറങ്ങാമെന്നും അവർ പ്രഖ്യാപിച്ചു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ തൊഴിലാളികൾക്കും ഈ നിർദ്ദേശം ബാധകമാണെന്നും അവർ വ്യക്തമാക്കി.
കോൺടാക്റ്റ് ട്രെയ്‌സിംഗ് ചെയ്യുന്നതിലും അവ മറികടക്കുന്നതിലും പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞെന്നും ബെറെജിക്ലിയൻ പറഞ്ഞു.
സിഡ്നിസൈഡർസ് സിറ്റി വിടുന്നതിൽ നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിഡ്‌നിയിൽ നിന്ന് വടക്കുപടിഞ്ഞാറായുള്ള വിദൂര പ്രദേശമായ ബോർക്ക് നഗരത്തിലെ മലിനജലത്തിൽ വൈറസിന്റെ അംശം കണ്ടെത്തി. വളരെ കുറച്ച് പ്രാദേശിക കേസുകൾ രേഖപ്പെടുത്തി മാസങ്ങൾക്കുശേഷം ആപേക്ഷിക സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ഒരു നഗരത്തിന്റെ നാടകീയമായ സംഭവവികാസമായിരുന്നു അത്.
അഞ്ച് ദശലക്ഷം ആളുകൾ താമസിക്കുന്ന സിഡ്‌നി മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ പൂട്ടിയിടുന്നത് ഉൾപ്പെടെ കർശന നടപടിയെടുക്കാത്തതിന് ഓസ്‌ട്രേലിയ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഒമർ ഖോർഷിദ് ന്യൂ സൗത്ത് വെയിൽസ് അധികൃതരെ കുറ്റപ്പെടുത്തി. “ഡെൽറ്റ വൈറസ് വ്യത്യസ്തമാണ്; ഇത് വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു,”സിഡ്നി ഇതിനുമുമ്പ് ഇതിനെ നേരിട്ടിട്ടില്ല.” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണിന്റെ സാമ്പത്തിക ആഘാതം കഠിനമാണെങ്കിലും, വ്യാപകമായ രോഗബാധ രാജ്യത്തിന് മുഴുവൻ “ദുരന്ത” മാകുമെന്നും കോർഷിദ് മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയ്‌ക്ക് ചുറ്റുമുള്ള പ്രധാന നഗരങ്ങളിലുടനീളമുള്ള സ്‌നാപ്പ് “സർക്യൂട്ട്-ബ്രേക്കർ” ലോക്ക്ഡൗണുകളുടെ ഏറ്റവും പുതിയ സ്ട്രിംഗാണിത്, ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന മിക്ക കേസുകളും ഹോട്ടൽ ക്വാറന്റീനിൽ കഴിയുന്ന യാത്രക്കാരുമായി ബന്ധമുള്ളവയാണ്.





































