കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍!
വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഹുബൈ യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ വിദ്യാര്‍ത്ഥികളാണ് സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശമായച്ചിരിക്കുന്നത്.
32 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ രണ്ട് പേരാണ് മലയാളികള്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്. ഹരിത എന്നിവരാണ് മലയാളികള്‍.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കുടുങ്ങി കിടക്കുകയാണെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഭക്ഷണവും വെള്ളവും തീരുകയാണെന്നും പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
റോഡുകളും, വിമാനത്താവളങ്ങളും, റെയില്‍വേ സ്റ്റേഷനുകളും എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തുറന്നിരിക്കുന്ന കടകളില്‍ വന്‍ തിരക്കാണെന്ന് മാത്രമല്ല അവിടെ നിന്നും ഭക്ഷണം വാങ്ങി കഴിക്കാന്‍ ഭയമാണെന്നും കുട്ടികള്‍ പറയുന്നു.
യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾക്കായി ഇതുവരെ മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും ദിന൦ പ്രതി അസുഖ ബാടിതരുടെ എണ്ണം കൂടി വരികയാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
24 മലയാളികള്‍ ഉള്‍പ്പടെ 86 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പല ഹോസ്റ്റലുകളിലായി കുടുങ്ങി കിടക്കുന്നത്.