കീവ്: റഷ്യയുമായി സംഘർഷം തുടരുന്ന യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ൻ സ്ഫോടനത്തിൽ തകർത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്റേത് ഭീകരപ്രവർത്തനമാണെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്ഫോടന പരമ്പര.
കീവിലെ ഷെവ്ചെൻകിവിസ്കി ജില്ലയിൽ പലതവണ സ്ഫോടനം നടന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തു. റഷ്യൻ ആക്രമണത്തിൽ ഒരാൾ മരിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു. കൂടുതൽ പേർ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്നിയൻ എമർജൻസി സർവീസ് അറിയിച്ചു.
മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26-നാണ് കീവിൽ അവസാനമായി റഷ്യൻ ആക്രമണമുണ്ടായത്.
ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം തകർത്ത യുക്രെയ്നിന്റെ നടപടി ഭീകര പ്രവർത്തനമാണെന്ന് വ്ളാഡിമിർ പുതിൻ ആരോപിച്ചിരുന്നു. തിങ്കളാഴ്ച സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങളുമായി പുടിൻ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇപ്പോൾ കീവിൽ സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.
പാലം സ്ഫോടനത്തിൽ തകർത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ യുക്രെയ്ൻ പൗരന്മാരൻ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തയ്യാറായില്ല.
                






































