പ്യോങ്യാഗ്: ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ഉത്തരകൊറിയ. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം. നടപടിക്ക് പിന്നാലെ ജപ്പാനിൽ ഏതാനും ട്രെയിനുകൾ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സർക്കാർ നിർദേശം നൽകി.
ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ജപ്പാന് മുകളിൽ കൂടി പറന്നെന്നും പസഫിക് സമുദ്രത്തിൽ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ നടപടിയെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു. ‘മിസൈൽ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരുനടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ കൗൺസിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിസൈൽ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു, തുടർന്ന് രാജ്യത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയിൽ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി.
മിസൈൽ തൊടുത്തുവിട്ടതിന് പിന്നാലെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജാപ്പനീസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹൊക്കായ്ഡോ, അമോരി പ്രദേശങ്ങളിലൂടെയുള്ള ട്രെയിൻ സർവീസുകളാണ് സർക്കാർ അറിയിപ്പുപുറത്തുവരുന്നതുവരെ റദ്ദാക്കിയത്.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തര കൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് ജപ്പാന് മുകളിൽ കൂടിയുള്ള ഈ മിസൈൽ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് പ്രതികരണമായാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്നാണ് വിലയിരുത്തൽ.




































