സിയോള്‍: കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ. ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിതാവിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ മകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം പാര്‍ക്ക് വോണിനായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പായി പിതാവ് തനിക്ക് മെസേജ് അയച്ചിരുന്നെന്ന് മകള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഉത്തര സിയോളിലെ മൗണ്ട് ബൂഗക്കില്‍ നിന്നാണ് പാര്‍ക്ക് വോണിന്റെ മൃതദേഹം കണ്ടെത്തിയത്.
നേരത്തെ പാര്‍ക്ക് വോണിന്റെ ഓഫീസിലെ വനിതാ ജീവനക്കാരി ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ക്ക് വോണിനെ കാണാതായത്.
വ്യാഴാഴ്ച അദ്ദേഹം ജോലിക്കെത്തിയിരുന്നില്ല. ഇന്ന് നിശ്ചയിച്ച യോഗവും അദ്ദേഹം റദ്ദാക്കിയിരുന്നു. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല.
2011 ലാണ് സിയോള്‍ മേയറായി പാര്‍ക്ക് വോണ്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍് മൂണ്‍ ജെയ്-ഇന്നിന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമെന്ന നിലയില്‍, 2022 ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്നയാളായിരുന്നു പാര്‍ക്ക് വോണ്‍.
സിയോളില്‍ മൂന്ന് തവണ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് പാര്‍ക്ക് വോണ്‍. മേയറായിരുന്ന കാലഘട്ടത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്തും അഭിഭാഷകനെന്ന നിലയിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു.
ദക്ഷിണ കൊറിയയിലെ സാമൂഹിക അസമത്വത്തെയും അഴിമതിയെയും കുറിച്ച് പരസ്യമായി വിമര്‍ശിച്ചയാളായിരുന്നു അദ്ദേഹം.





































