കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നുവീണത് അമേരിക്കയുടെ സൈനിക വിമാനമെന്ന് റിപ്പോര്‍ട്ട്.
താലിബാന്റെ ശക്തികേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ ദേഗ് യാഗ് ജില്ലയിലുള്ള ഗസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.
അതേസമയം, ആരിയാന എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് തകര്‍ന്നതെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ആരിയാന എയര്‍ലൈന്‍സ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
പിന്നീടാണ്, തങ്ങളുടെ വിമാനം തകര്‍ന്നത് സ്ഥിരീകരിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ യുഎസ് സേന രംഗത്തെത്തിയത്. എന്നാല്‍, ശത്രുക്കളുടെ വെടിവയ്പിൽ വിമാനം തകർന്നതായി യാതൊരു സൂചനകളും US സേന നല്‍കിയിട്ടില്ല.
‘അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ U.S. Bombardier E-11A തകർന്നു. വിമാനം തകര്‍ന്നതിനുള്ള കാരണം അന്വേഷിക്കുകയാണ്. ശത്രു ആക്രമണമാണ് വിമാനം തകരാന്‍ കാരണമെന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല’, കേണൽ സോണി ലെഗെറ്റ് ട്വീറ്റ് ചെയ്തു.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം തകര്‍ന്നത്.