gnn24x7

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞം: മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തൽ

0
193
gnn24x7

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞത്തിനായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചതായി ലോകാരോഗ്യ സംഘടന. ഗാസയിലുടനീളമുള്ള 640,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും ഞായറാഴ്ചയോടെ വാക്‌സിന്‍ യജ്ഞം ആരംഭിക്കുമെന്നും ഡബ്ല്യുഎച്ച്ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിക് പീപ്പര്‍കോണ്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഇടവേള ‘ ഒരു വെടിനിര്‍ത്തല്‍ അല്ല’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഗാസ മുനമ്പിന്റെ മധ്യ, തെക്ക്, വടക്ക് ഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് വാക്‌സിന്‍ നല്‍കുക. ഓരോ ഘട്ടത്തിലും പ്രാദേശിക സമയം ആറിനും പതിനഞ്ചിനും ഇടയില്‍ മൂന്ന് ദിവസത്തേക്ക് പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തും. 25 വര്‍ഷത്തിനുശേഷം ഗാസയില്‍ ആദ്യമായി പോളിയോ ബാധിച്ച് പത്ത് മാസം പ്രായമായ കുഞ്ഞ് ഭാഗികമായി തളര്‍ന്നെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് കരാര്‍. നോവല്‍ ഓറല്‍ പോളിയോ വാക്‌സിന്‍ ടൈപ്പ് 2 ന്‌റെ ഏകദേശം 12.6 ലക്ഷം ഡോസുകള്‍ ഗാസയിലുണ്ട്. 400,000 അധികഡോസ് ഉടന്‍ എത്തിക്കും.

ലോകാരോഗ്യസംഘടന, യൂണിസെഫ്, യുഎന്‍ആര്‍ഡബ്ല്യുഎ എന്നിവയുമായി സഹകരിച്ച് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം കാമ്പെയ്ന്‍ നിയന്ത്രിക്കും. വാക്‌സിന്‍ നല്‍കുന്നതിനായി രണ്ടായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്. മുനമ്പിലുടനീളം തൊണ്ണൂറ് ശതമാനം വാക്‌സിന്‍ കവറേജ് നേടാനാണ് ഡബ്ല്യുഎച്ച്ഒ ലക്ഷ്യമിടുന്നത്. ഗാസയ്ക്കുള്ളില്‍ വൈറസ് പകരുന്നത് തടയാന്‍ ഇത് ആവശ്യമാണ്. ഈ നില കൈവരിക്കാന്‍ ആവശ്യമാണെങ്കില്‍ വാക്‌സിനേഷന്‌റെ നാലാമത്തെ ദിവസംകൂടി കരാര്‍ ഉണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7