gnn24x7

തത്സമയം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു

0
619
gnn24x7

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു .സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കുന്ന കുർബാന മുതൽ ശവസംസ്കാരം വരെയുള്ള ചടങ്ങുകൾ ഏകദേശം നാല് മണിക്കൂർ നീണ്ടുനിൽക്കും. കർദിനാൾ സംഘത്തിൻ്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് പതിനായിരങ്ങളാണ്. സംസ്കാര പരിപാടികളിൽ പങ്കെടുക്കാനായി Taoiseach, Tánaiste, പ്രസിഡന്റ്‌ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ വത്തിക്കാനിലെത്തി.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശനിയാഴ്ച സംസ്‌കാരത്തിന് തൊട്ടുമുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാനത്തെ അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്നും വത്തിക്കാൻ. മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പ തന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും ചെയ്‌തിട്ടുണ്ട്. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായിട്ടായിരുന്നു മാർപാപ്പമാരെ അടക്കം ചെയ്‌തിരുന്നത്.

ഈ ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88-ാം വയസിലാണ് കാലം ചെയ്തത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയാവുന്നത്. 1936 ഡിസംബർ ഏഴിനായിരുന്നു അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ മാർപാപ്പയുടെ ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ വത്തിക്കാൻ സർക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവർത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങൾക്കെതിരെയും ശബ്ദമുയർത്തിയിരുന്നു. 1958 ലാണ് ഈശോ സഭയിൽ ചേരുന്നത്. 1969 ഡിസംബർ 13ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലുമെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപാപ്പ ആണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7