കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ് അടുത്ത സിനഡ്.
കത്തോലിക്കാ സഭയിൽ നവീകരണത്തിനു തുടക്കമിട്ട 1962-65 ലെ രണ്ടാം വത്തിക്കാൻ സുന്നഹദോസിനു ശേഷം സഭയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ മെത്രാൻ സിനഡിൽ ലോകമെങ്ങും നിന്നുള്ള മെത്രാന്മാർക്കു പുറമേ സന്യാസ സഭാ പ്രതിനിധികളായി 5 വൈദികരും 5 കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്.
സിനഡിലെ ചർച്ചകൾക്കു ശേഷം നിർദേശങ്ങൾ വോട്ടിനിട്ട് തീരുമാനത്തിലെത്തി മാർപാപ്പയ്ക്കു സമർപ്പിക്കും. എന്നാൽ, വോട്ടവകാശം പുരുഷന്മാർക്കു മാത്രമായിരുന്നു. സന്യാസ സഭാ പ്രതിനിധികളായി പങ്കെടുക്കുന്ന കന്യാസ്ത്രീകൾക്കും ഇനി വോട്ടവകാശം ഉണ്ടായിരിക്കും. ദീർഘനാളായുള്ള ആവശ്യമായിരുന്നു ഇത്.
ഓഡിറ്റർ ചുമതലയിൽ സിനഡിൽ പങ്കെടുത്തിരുന്ന 70 പേർക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇതു നിർത്തലാക്കി. പകരം 35 സ്ത്രീകളുൾപ്പെടെ വോട്ടവകാശമുള്ള 70 പ്രത്യേക പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇവരിൽ വൈദികരും സന്യസ്തരും അത്മായരും ഉണ്ടായിരിക്കും. ഈ വർഷത്തെ പ്രാദേശിക സിനഡ് യോഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന 140 പേരുടെ പട്ടികയിൽ നിന്നാണ് മാർപാപ്പ ഇവരെ തിരഞ്ഞെടുക്കുക.
പട്ടികയിൽ യുവജനങ്ങൾക്ക് പ്രാധാന്യം ഉണ്ടാകണമെന്നും നിർദേശമുണ്ട്. വത്തിക്കാൻ ഭരണസമിതികളിൽ നിന്നുള്ള പ്രതിനിധികളെ മാർപാപ്പ നേരിട്ട് തിരഞ്ഞെടുക്കും. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ 10 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനു നൽകുന്ന 20 പേരുടെ പട്ടികയിൽ 10 പേർ സ്ത്രീകളായിരിക്കണമെന്നും നിർദേശമുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f