കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും ഐസിയുവിലേക്കും വെൻ്റിലേറ്ററിക്കും മാറ്റി.
43 ദിവസമാണ് ടൈറ്റസ് വെൻറിലേറ്ററിൽ തുടർന്നത്. അതിൽ 20 ദിവസം കോമ അവസ്ഥയിലും. വിവിധ വകുപ്പുകളുടെ മേധാവികളും ഡോക്ടർമാരും ചേർന്ന് നിരന്തരം ആരോഗ്യ പുരോഗതി നിരീക്ഷിച്ചു. പതിനായിരത്തിലധികം രൂപ വിലയുള്ള ജീവൻരക്ഷാ മരുന്നുകളുടെ നിരവധി ഡോസുകൾ നൽകി. രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സയും നടത്തി.
കോവിഡ് ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പലതും പ്രവർത്തന ക്ഷമത നഷ്ടപ്പെടുകയും കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ പ്രതീക്ഷ മങ്ങിയിരുന്നു. മുപ്പതോളം തവണ വെൻറിലേറ്ററിൽ വെച്ച് തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരമായി ഡയാലിസിസ് നടത്തേണ്ടിയിരുന്നതിനാൽ ആറു ലക്ഷം രൂപ ചിലവിൽ ഐസിയുവിൽ തന്നെ ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു.









































