തിരുവനന്തപുരം കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പ്രിയരഞ്ജൻ പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ മദ്യപിച്ച് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ മുതൽ റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രിയരഞ്ജനുവേണ്ടി വ്യാപകമായ തെരച്ചിൽ നടന്നിരുന്നു. നാല് സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രിയരഞ്ജനായി അന്വേഷണം നടന്നത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നെന്ന് ചില അഭ്യൂഹങ്ങളും വന്നിരുന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. പ്രതി കേരളത്തിലോ അതിർത്തി പ്രദേശങ്ങളിലോ ഉണ്ടാകാമെന്ന നിഗമനത്തിന് ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തമിഴ്നാട് അതിർത്തിയായ കുഴിത്തുറയിൽ നിന്ന് പ്രിയരഞ്ജനെ പൊലീസ് പിടികൂടുന്നത്.
കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കൾ ഇക്കാര്യം മൊഴിയായി നൽകിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയരഞ്ജനെതിരെ കേസെടുക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb