തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി പറഞ്ഞു. അഭയ കൊല്ലപ്പെട്ടിട്ട് 28വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ് ഹാജരായിരുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ 19 വയസുകാരി സിസ്റ്റര്‍ അഭയയുടെ മൃതേദഹം കാണപ്പെട്ടത്.
ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന്കണ്ടെത്തിയത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു.
 
                






